ഈസ്റ്ററിനും ക്രിസ്മസിനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുന്തിരി വൈന്‍. വൈനുകള്‍ പല തരമുണ്ടെങ്കിലും മുന്തിരിവൈനാണ് വൈനുകളിലെ താരം. ഇതാ വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന മുന്തിരി വൈനിന്റെ റസിപ്പി.
ആവശ്യമുള്ള സാധനങ്ങള്‍
കറുത്ത മുന്തിരിങ്ങ – 1.5 Kg
പഞ്ചസാര – 2.5 Kg
ഗോതമ്പ് – 300 gm
യീസ്റ്റ് -1 ടീസ്പൂണ്‍
മുട്ട -1
വെള്ളം -2.5 ലിറ്റര്‍ (തിളപ്പിച്ചാറിയത്)
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. മുന്തിരി നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്ന്നുപോയതിനു ശേഷം മിക്സിയില്‍ ഇട്ട് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍പകുതി(1.25 Kg)യും, ഗോതമ്പും, പതഞ്ഞ യീസ്റ്റും, മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ത്തു ഇളക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ചിരട്ട തവി ഉപയോഗിച്ചു ഇളക്കണം. പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കാതെ അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(1.25Kg) ചേര്‍ത്തിളക്കുക. പഞ്ചസാര അലിഞ്ഞതിനുശേഷം മിശ്രിതം നന്നായി അരിക്കുക. അധികം പുളിച്ചു പോകാതെ ഇരിക്കുന്നതിന് കുറച്ച് ‘റം’ കൂടി ചേര്‍ത്ത് നിറമുള്ള കുപ്പിയില്‍ ആക്കി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം.